തിരുവനന്തപുരം സ്ഥലനാമത്തിന്
പിന്നിലെ ചരിത്രം
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ സാന്നിധ്യം കൊണ്ടാണ് ,അനന്തപത്മനാഭൻ്റെ നാട് എന്ന അർത്ഥത്തിൽ തിരുവനന്തപുരം ആ പേരിൽ അറിയപ്പെടുന്നത് എന്നതാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഈ പേരിൽ ഇവിടം അറിയപ്പെട്ടു തുടങ്ങിയിട്ട് 142 വർഷത്തോളം ആയിട്ടേയുള്ളൂ. പഴയകാല ചരിത്രം പരിശോധിക്കുമ്പോൾ അനന്തപുരം, തിരുവാനന്ദപുരം, സ്യാനന്ദപുരം എന്നിങ്ങനെയായിരുന്നു പേരുകൾ
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഒരു തുളു ബ്രാഹ്മണൻ 12-ാം നൂറ്റാണ്ടിൽ എഴുതിയ സ്യാനന്ദപുര വർണ്ണനം എന്ന പുസ്തകത്തിൽ ഇവിടുതെത സ്ഥല വിവരണം, ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയെക്കുറിച്ച് വിവരിച്ചിരുന്നു. 14-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ലിഖിതങ്ങളിലാണ് തിരുവനന്തപുരം എന്ന പേര് കാണപ്പെട്ടു തുടങ്ങിയത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ഇവിടം ട്രിവാൻഡ്രം എന്നു വിളിക്കപ്പെട്ടു.
ബ്രിട്ടീഷുകാർ കേരളത്തിലെ പല സ്ഥലങ്ങൾക്കും നൽകിയ പേരുകൾ ഇപ്പോൾ മലയാള ഭാഷാ ശൈലിയിലേക്ക് മാറ്റപ്പെട്ടുകഴിഞ്ഞു. ആലപ്പി ആലപ്പുഴയായും, കാലിക്കറ്റ് കോഴിക്കോടായും മാറിയത് നമുക്കറിയാ വുന്നതാണല്ലോ. എന്നാലും ഇപ്പോഴും പലർക്കും തിരുവനന്തപുരം എന്നത് അവരുടെ സ്വന്തം ഉച്ചാരണത്തിൽ തന്നെയാണ്. തമിഴ്നാട്ടുകാർക്ക് "ത്രിവാൻഡ്രം" ഹിന്ദിക്കാർക്ക് "ത്രിവേന്ദ്രം" പഴമക്കാർക്ക് "തിരുവി താംകൂർ" ഭക്തജനങ്ങൾക്ക് "അനന്തപുരി" ബാങ്കുകൾക്ക് "ട്രാവൻകൂർ" ്അങ്ങിനെ ഓരോരുത്തർക്കും അവരുടെ ഇഷ്ടപ്പെട്ട രീതിയിൽ തിരുവനന്തപുരം വിളിക്കപ്പെടുന്നു.
ബി.സി 1000 മാണ്ട് മുതലുള്ള ചരിത്രം തിരുവനന്തപുരത്തിനുണ്ട്. ഒരു കാലത്ത് ചേര രാജാക്കൻമാരുടെ സാമന്തമൻമാരായിരുന്ന "ആയ്" രാജാക്കൻമാരുടെ ഭരണത്തിലായിരുന്നു ഇവിടം. വിഴിഞ്ഞം തുറമുഖവും തീരപ്രദേശങ്ങളും അന്ന് പ്രശസ്തമായിരുന്നു. സോളമൻ രാജാവിൻ്റെ കപ്പലുകൾ അക്കാലത്ത് ഇവിടെ വ്യാപാരത്തിനായി വന്നിരുന്നതായാണ് ചരിത്രം പറയുന്നത്. ആയ് രാജാക്കൻമാരുടെ കാലഘട്ടത്തിൽ ചോള, പാണ്ഡ്യ രാജാക്കൻമാർ ഇവിടെ നിരവധി ആക്രമണങ്ങൾ നടത്തുകയുണ്ടായി. എ.ഡി.925 ൽ വിക്രമാദിത്യ വരഗുണ രാജാവിൻ്റെ മരണത്തോടെ ഇവിടം ചേര രാജാക്കൻമാരുടെ കീഴിലായി. 10-ാം നൂറ്റാണ്ടിൽ ചോളൻമാരുടെ ആക്രമണത്തിൽ വിഴിഞ്ഞം തുറമുഖവും , ലോകപ്രശസ്തമായ കാന്തള്ളൂർശാല എന്ന വിദ്യാ കേന്ദ്രവും നശിപ്പിക്കപ്പെട്ടു.
ഇന്നത്തെ തിരുവനന്തപുരം, കന്യാകുമാരി എന്നിവ ആയ് രാജവംശത്തിൻ്റെ കീഴിലായിരുന്നു. ചോള, പാണ്ഡ്യ രാജാക്കൻമാർ പല തവണ ആയ് രാജവംശത്തെ ആക്രമിച്ചു. 16-17 നൂറ്റാണ്ടു വരെ തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട വരെ ആയ്, ചോള, പാണ്ഡ്യ ഭരണങ്ങൾ നടന്നിരുന്നു. പിന്നീട് ആയ് രാജവംശം വേണാട് രാജവംശത്തിൽ ലയിച്ചു. 18-ാം നൂറ്റാണ്ടായപ്പോഴേയ്ക്കും മാർത്താണ്ഡവർമ വേണാട് വിപുലപ്പെടുത്തുകയും ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര, കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചിൽ, പൂഞ്ഞാർ, അമ്പലപ്പുഴ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി തിരുവിതാംകൂർ രാജ്യം സ്ഥാപിച്ചു.
1795 ൽ പഴയ കൽക്കുളം എന്നറിയപ്പെട്ടിരുന്ന പത്മനാഭപുരത്തു നിന്നും തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റപ്പെട്ടു. 19-ാം നൂറ്റാണ്ടിൽ സ്വാതി തിരുനാൾ, ആയില്യം തിരുനാൾ എന്നിവരുടെ കാലഘട്ടത്തിൽ തിരുവനന്തപുരം പ്രശസ്തിയാർജ്ജിക്കുകയും ചെയ്തു.
അനന്തപുരി എന്ന മഹാ നഗരത്തിൻ്റെ ഉയർച്ച ശരിക്കും 1750 ലാണെന്ന് പറയാം. അതുവരെ കാടുകളും ക്ഷേത്രക്കുളങ്ങളും, പുഴകളും നിറഞ്ഞ ഒരു ക്ഷേത്ര നഗരമായിരുന്നു ഇവിടം. 1729-1758 കാലഘട്ടത്തിൽ വേണാട് ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനരുദ്ധീകരിച്ച് പുതിയ ചടങ്ങുകൾ നടപ്പിൽ വരുത്തിയത്. കൊച്ചി വരെ പടർന്നു കിടന്ന വേണാട് തിരുവിതാംകൂർ എന്നറിയപ്പെട്ടു. രാജ്യം തൃപ്പടിദാനം ചെയ്ത് മാർത്താണ്ഡവർമ്മ പിന്നീട് പത്മനാഭദാസ എന്ന പേരിലാണ് അറിയപ്പെട്ടത്. 1758-1798 കാലഘട്ടത്തിൽ കാർത്തിക തിരുനാൾ രാമവർമ്മ രാജ്യ തലസ്ഥാനം തിരുവനന്തപുരം ആക്കി മാറ്റി.
സ്വാതന്ത്ര്യാനന്തരം ഐക്യകേരളം രൂപപ്പെട്ടപ്പോൾ തിരുവനന്തപുരം കേരള തലസ്ഥാനം ആയി മാറി. അതോടെ സാമൂഹ്യ, സാംസ്ക്കാരിക, കലാ, സാഹിത്യ, ശാസ്ത്ര മേഖലയിലുള്ളവരെല്ലാം ഒത്തു ചേരുന്ന ഒരു പൊതുവേദിയായി ഇവിടം മാറി. ഇവിടെയെത്തിയവരിൽ പലരും സ്ഥിരതാമസക്കാരും ആയി. തങ്ങളുടെ കർമകാണ്ഡം പൂർത്തിയാക്കി ഇവിടം വിട്ടവർക്ക് ഇവിടുത്തെ ഓരോ വാർത്തകളും കാഴ്ചകളും ഗൃഹാതുരത്വം സമ്മാനിക്കുന്നതാണ്. ഓരോ മുക്കിലും മൂലയിലും പഴമൊഴികളും, ചരിത്രവും, കഥകളും നിറഞ്ഞിരിക്കുന്ന തിരുവനന്തപുരത്തിൻ്റെ കഥകൾ എത്ര പറഞ്ഞാലും തീരാത്തവയാണ്.







2 അഭിപ്രായങ്ങള്‍
വളരെ നന്നായിട്ടുണ്ട് പുതു തലമുറകൾക്കും പഴമക്കാരായ ഞങ്ങൾക്കും ഒരറിവ് തന്നെയാണ്
മറുപടിഇല്ലാതാക്കൂthanks for comments
ഇല്ലാതാക്കൂ