ശാസ്തമംഗലം എഴുന്നെള്ളത്തിൻ്റെ ചരിത്രം
തിരുവനന്തപുരം നഗരത്തിൻ്റെ ഓരോ കോണിലും ചരിത്രം തുളുമ്പുന്ന നിരവധി ആഘോഷങ്ങളും ആചാരങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. രാജഭരണ കാലത്ത് ഇതിലെല്ലാം ഒരു ദേശമാകെ ആവേശത്തോടെ പങ്കെടുത്തിരുന്നു. ഇന്ന് അവയെല്ലാം ചരിത്ര രേഖകളിൽ അവശേഷിക്കുന്ന ഏടുകൾ മാത്രമായി മാറി. അത്തരത്തിൽ ഒന്നാണ് തിരുവിതാംകൂർ രാജാക്കൻമാരുടെ ശാസ്തമംഗലം എഴുന്നെള്ളത്ത്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കരുവേലപ്പുര മാളികയിൽ നിന്നും ശാസ്തമംഗലത്തേക്കാണ് രാജാവിൻ്റെ എഴുന്നെള്ളത്ത് നടന്നിരുന്നത്. ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് കൂപക്കരമഠത്തിലേക്ക് എഴുന്നെള്ളുന്നു. അവിടെ നിന്നും അതിഥി സൽക്കാരങ്ങൾ സ്വീകരിച്ച ശേഷം തിരികെ മടങ്ങുന്നു. ഇതാണ് ഈ ചടങ്ങിൻ്റെ സംക്ഷിപ്ത രൂപം.
ആദ്യകാലത്ത് പല്ലക്കിലായിരുന്നു എഴുന്നെള്ളത്ത്. പിന്നീട് രഥത്തിലായി. സ്വാതി തിരുനാൾ മനോഹരമായ അലങ്കാര രഥം നിർമിച്ച് അതിലായിരുന്നു എഴുന്നെള്ളത്ത് തുടർന്നു വന്നത്. ആറു കുതിരകളെ പൂട്ടിയ ഈ രഥത്തിലെ എഴുന്നെള്ളത്ത് കാണുവാൻ തിരുവനന്തപുരത്തുകാർ റോഡിനിരുവശവും തിങ്ങിക്കൂടുമായിരുന്നു. പിന്നീട് സറാട്ട് എന്നറിയപ്പെടുന്ന കുതിര വണ്ടിയിലും, അവസാനത്തെ രാജാവായിരുന്ന ശ്രീ.ചിത്തിര തിരുനാളിൻ്റെ കാലഘട്ടത്തിൽ കാറിലുമായിരുന്നു ഈ എഴുന്നെള്ളത്ത്.
സ്വാതി തിരുനാൾ ഉപയോഗിച്ചിരുന്ന ഈ രഥം പിന്നീട് സൂക്ഷിച്ചിരുന്ന സ്ഥലം ഇപ്പോൾ രഥപുരക്കുന്ന് എന്ന് അറിയപ്പെടുന്നു. ഈ രഥം ഇപ്പോഴും തിരുവനന്തപുരം മ്യൂസിയത്തിൽ സൂക്ഷിച്ചിരിപ്പുണ്ട്. മ്യൂസിയത്ത് ചെല്ലുന്നവർക്ക് ഈ രഥം കാണുമ്പോൾ ഒരു കാലത്ത് തലയെടുപ്പോടെ എഴുന്നെള്ളിയ വാഹനം ആയിരുന്നു ഇതെന്ന് മനസ്സിലാക്കാം.
തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാന ഭാഗമായിരുന്ന എട്ടുവീട്ടിൽ പിള്ളമാരും, മാർത്താണ്ഡ വർമ്മയുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് ശാസ്തമംഗലം എഴുന്നെള്ളത്ത് തുടങ്ങിയതെന്നാണ് ഐതിഹ്യം. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷതേടി പലയിടങ്ങളിൽ ഒളിവിലായിരുന്ന മാർത്താണ്ഡ വർമ്മ ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിൽ അഭയം തേടുകയുണ്ടായി. ക്ഷേത്ര നടത്തിപ്പുകാരായ കൂപക്കരമഠത്തുകാർ അദ്ദേഹത്തിന് സുരക്ഷിതമായി ഒളിവിൽ കഴിയാനുള്ള സൌകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. പിന്നീട് രാജഭരണം ഏറ്റെടുത്തപ്പോൾ വർഷത്തിലൊരിക്കൽ സപരിവാരം ഇവിടേയ്ക്ക് എഴുന്നെള്ളി, കൂപക്കരമഠത്തിൻ്റെ ആതിഥ്യം സ്വീകരിച്ച് ദക്ഷിണയും സമ്മാനങ്ങളും നൽകി തിരികെ മടങ്ങുന്ന ചടങ്ങ് തുടങ്ങി.
ഇതു പോലെ മഹാരാജാവ് സപരിവാരം എഴുന്നെള്ളിയിരുന്ന മറ്റ് രണ്ടിടങ്ങളിൽ ഒന്ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും, ശംഖുമുഖം ക്ഷേത്രവും ആയിരുന്നു. ഈ ദിവസം രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എഴുന്നെള്ളത്ത് കടന്നു പോകുന്ന വഴികൾ കമനീയമായി അലങ്കരിക്കപ്പെട്ടിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കരുവേലപ്പുര മാളികയുടെ മുന്നിൽ നിന്നും തുടങ്ങി കിഴക്കേക്കോട്ട തിരിഞ്ഞ് മ്യൂസിയം, നക്ഷത്രബംഗ്ലാവ് വഴി വെള്ളയമ്പലം സ്ക്വയറിലെത്തി ശാസ്തമംഗലത്തേയ്ക്ക് പോകുന്നതായിരുന്നു ആഘോഷത്തിൻ്റെ വഴി.
പട്ടാളം, ബാൻ്റുകൾ, ആനകൾ, കുതിരപ്പട്ടാളം, കാലാൾപ്പട, രാജ ചിഹ്നങ്ങൾ വഹിക്കുന്നവർ, കൊട്ടാരം ആഫിസർമാർ, ജീവനക്കാർ തുടങ്ങി വിവിധ വകുപ്പുകളിലെ പ്രമുഖരെല്ലാം ഈ ഘോഷയാത്രയിൽ അണി നിരന്നിരുന്നു. വെള്ളയമ്പലത്ത് നിന്നും ഇരട്ട കുതിരകളുള്ള സറാട്ട് വണ്ടിയിലായിരുന്നു രാജാവിൻ്റെ ശാസ്തമംഗലത്തേയ്ക്കുള്ള എഴുന്നെള്ളത്ത്. മഹാദേവർ ക്ഷേത്രത്തിലെത്തി ദർശനവും കാണിയ്ക്കയും നടത്തി കൂപക്കരമഠത്തിലെത്തി ഉപചാരവും സ്വീകരിച്ച് അവർക്ക് സമ്മാനങ്ങൾ നൽകി തിരികെ കുതിരവണ്ടിയിൽ കോട്ടയ്ക്കകത്തേയ്ക്ക് എഴുന്നെള്ളത്ത് നടന്നിരുന്നു.
മ്യൂസിയം സന്ദർശിക്കുന്നവർ തീർച്ചയായും ഈ രഥം കൂടി കാണേണ്ടതാണ്. പഴയകാലത്തെ വാസ്തു കലാവിദ്യയുടെ പാരമ്പര്യവും കൈവിരുതും ഇതിൽ കാണാവുന്നതാണ്. ശാസ്തമംഗലം എഴുന്നെള്ളത്ത് നേരിൽ കാണുവാൻ അവസരം ലഭിച്ച പഴയ തലമുറക്കാരിൽ പലരും തിരുവനന്തപുരത്തുണ്ട്. വരും കാലങ്ങളിൽ അവരിലെത്ര പേർ അവശേഷിക്കുമെന്ന് അറിയില്ല. രാജഭരണ കാലത്ത് നടന്നിരുന്ന നിരവധി ചടങ്ങുകളിൽ പലതും ഇപ്പോഴില്ലെങ്കിലും, അതൊക്കെ ആ കാലഘട്ടങ്ങളിൽ ഒരു ദേശത്തിൻ്റെ ആഘോഷമായിരുന്നു. തിരുവനന്തപുരത്ത് ഇപ്പോൾ നില നിൽക്കുന്ന ചരിത്ര സ്മാരകങ്ങളും, കെട്ടിടങ്ങളും വിദഗ്ധരായ കലാവൈഭവമുള്ളവരുടെ കരവിരുതിന് സാക്ഷ്യങ്ങളാണ്. പൈതൃക സ്മാരകങ്ങൾ ഇന്ന് ടൂറിസത്തിൻ്റെ ഭാഗമായിരിക്കുന്ന അവസരത്തിൽ അവയിൽ താൽപര്യമുള്ളവർക്കും, ചരിത്രാന്വേഷികൾക്കുമായി കാത്തു സൂക്ഷിക്കപ്പെടേണ്ട നിധികളാണ്.





2 അഭിപ്രായങ്ങള്‍
Excellent
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂ