തലസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം വരുന്നു
തിരുവനന്തപുരത്ത് ടൂറിസം വികസനത്തിൻ്റെ ഭാഗമായി നൈറ്റ് ലൈഫ് പദ്ധതി നടപ്പിലാക്കാൻ പോകുകയാണ്. ഇതിലൂടെ തലസ്ഥാനത്തിൻ്റെ രാത്രിക്കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് വന്നു ചേരുന്നത്. തലസ്ഥാനത്ത് ഇതിനായി ഹസാഡ് ലൈറ്റുകൾ സ്ഥാപിക്കുന്നു എന്നാണ് അറിയിപ്പ്.
കനകക്കുന്ന്, വെള്ളയമ്പലം, എം.ജി.റോഡ് എന്നിവിടങ്ങളിൽ പൈതൃകസ്മരണയുണർത്തുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ട്. ഇവയെല്ലാം പ്രകാശപൂരിതമാക്കി ആസ്വാദകർക്ക് കാഴ്ചകൾ ഒരുക്കുന്നു. പൈതൃക ടൂറിസം എന്നത് തലസ്ഥാന വികസനത്തിന് വളരെയധികം നേട്ടം ഉണ്ടാകാകുന്ന ഒന്നാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. രാത്രി കാലങ്ങളിൽ നഗരത്തിലൂടെ സുരക്ഷിതമായി നടക്കാനും രാത്രി യാത്ര ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് ഇത് ഒരുക്കുന്നത്.
സെക്രട്ടേറിയേറ്റ് മന്ദിരം പ്രകാശ പൂരിതമാക്കി ലേസർ പ്രൊജക്ഷൻ വഴി ആകർഷമാക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ വൻ നഗരങ്ങളിലേതു പോലെ രാത്രികാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തിൻ്റെ പ്രൌഢി വിളിച്ചോതുന്ന കെട്ടിടങ്ങളെല്ലാം തന്നെ അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാക്കുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രമായി തലസ്ഥാന നഗരം മാറുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
നൈറ്റ് ലൈഫ് ടൂറിസത്തിൻ്റെ തുടക്കമെന്ന നിലയിലാണ് കനകക്കുന്ന് പദ്ധതി നടപ്പാക്കുക. രാത്രിയിൽ കാഴ്ചകൾ കാണാനും കലാപരിപാടികളും ,ഇഷ്ടവിഭവങ്ങളും ആസ്വദിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. ടൂറിസം വളർച്ചയ്ക്കൊപ്പം തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനും പദ്ധതി സഹായകമാകും.
ഫുഡ് കോർട്ടാണ് ഇതിൽ വളരെയധികം പ്രത്യേകതയുള്ളത്. ഇതിലൂടെ കേരളത്തിൻ്റെ തനത് ഭക്ഷണ വിഭവങ്ങൾക്കൊപ്പം പ്രാദേശിക രുചിഭേദങ്ങളും ആസ്വദിക്കാൻ കഴിയും. കുടുംബശ്രീ ഉൾപ്പെടയുള്ള സംരംഭകരുടെ സഹായത്തോടെ കനകക്കുന്നിൽ ഭക്ഷണശാലകൾ ഒരുക്കും. കൂടാതെ രാത്രിമുഴുവൻ കലാപരിപാടികൾ ആസ്വദിക്കാനുള്ള അവസരവും ഉണ്ടാകും. തനത് കലാരൂപങ്ങൾക്കും കലാകാരൻമാർക്കും അന്യം നിന്നു പോകുന്ന കലകളെ പുനരുജ്ജീവിപ്പിക്കാനും ഇതിലൂടെ അവസരം ലഭിക്കുന്നു.
തുടക്കത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചയും വെള്ളിയാഴ്ച രാത്രികളിലും നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കുമെന്നാണ് അറിയിപ്പ്. കനകക്കുന്നിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയകരമായാൽ, ശംഖുമുഖം, ലുലുമാൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. നൈറ്റ് ലൈഫ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ബസ് സർവീസും, പോലീസിൻ്റെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.
ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. എന്നിരുന്നാലും തിരുവനന്തപുരം നഗരത്തിൻ്റെ അടിസ്ഥാനപരമായ പല കാര്യങ്ങളും ഇതിനോടൊപ്പം കൂടിച്ചേർന്നാൽ മാത്രമേ ഇതിൻ്റെ യഥാർത്ഥ ഫലം ലഭിക്കുകയുള്ളൂ. യാത്രാ സൌകര്യം, സുരക്ഷാ ക്രമീകരണങ്ങൾ, സിസി ടി.വി ക്യാമറകൾ, മാലിന്യ സംസ്ക്കരണം എന്നിവ മെച്ചപ്പെടുത്തണം. നൈറ്റ് ലൈഫ് സങ്കല്പം ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. അതിനെ കൃത്യമായി നിരീക്ഷിക്കുകയും വേണം.
എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ എതൊരു പദ്ധതിയും വിജയത്തിലെത്തുകയുള്ളൂ. തിരുവനന്തപുരം വളരെയധികം സാധ്യതകൾ ഉള്ള പ്രദേശമാണെന്ന തിരിച്ചറിവ് കൂടുതൽ പേരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. അതിനൊപ്പം തന്നെ പുതിയ സംസ്ക്കാരവും ജീവിതരീതികളും രൂപപ്പെടുകയും ചെയ്യുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമ്പോൾ നഗരത്തിൻ്റെ സാംസ്ക്കാരിക പൈതൃകം കാത്തു സൂക്ഷിക്കുകയും വേണം.
തലസ്ഥാനത്തിൻ്റെ മുഖഛായ മാറ്റുന്ന ഈ പദ്ധതി വിജയകരമായിത്തീരട്ടെ എന്ന് പ്രതീക്ഷിക്കാം

0 അഭിപ്രായങ്ങള്‍