നേമം ടെർമിനൽ നിർമാണം,കന്യാകുമാരി പാതയിരട്ടിപ്പിക്കൽ

 നേമം ടെർമിനൽ നിർമാണവും,

തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലും


 തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി തിരുവനന്തപുരം മുതൽ നേമം വരെയുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിരിക്കുകയാണ്. പുതിയ പാളത്തിനായി വഴിതെളിക്കലും, നികത്തലും, കെട്ടിടങ്ങൾ പൊളിക്കലും തുടങ്ങി കഴിഞ്ഞു .

nemom-railway-station

    നേമം റെയിൽവേ സ്റ്റേഷൻ ഭാഗത്തും പണികൾ വേഗത്തിൽ നടക്കുന്നു. ആദ്യഘട്ടത്തിൽ മേൽപ്പാലങ്ങൾ നിർമ്മിക്കും എന്നാണ് അറിയുന്നത്.  കരമന കുഞ്ചാലുംമൂട്, പാപ്പനംകോട് എസ്റ്റേറ്റ്, നേമം സ്റ്റുഡിയോ റോഡ്, പ്രാവച്ചമ്പലം  എന്നീ ഭാഗങ്ങളിൽ ഇതിനായുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

     മൂന്ന് റീച്ചായാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്. തിരുവനന്തപുരം -നേമം, നേമം- നെയ്യാറ്റിൻകര, നെയ്യാറ്റിൻകര-പാറശാല എന്നിങ്ങനെയാണ് റീച്ചുകൾ വരുന്നത്. ഭൂമിയേറ്റെടുക്കലിന് ആദ്യം താമസം നേരിട്ടിരുന്നു .

    തിരുവനന്തപുരം നേമം 8 കിലോമീറ്റർ പാതയാണ് ആദ്യം റീച്ചിൽ വരുന്നത്.  ഭൂമി ഏറ്റെടുക്കാനുള്ള തുക നേരത്തെ തന്നെ റെയിൽവേ അനുവദിച്ചിരുന്നു. ഇതോടെ പതിറ്റാണ്ട് പഴക്കമുള്ള നേമം കോച്ചിംഗ് ടെർമിനൽ പദ്ധതിക്ക് ഇപ്പോൾ ഒരു ഉണർവ് വന്നിരിക്കുകയാണ്.

nemom-railway-station

 കോച്ചിംഗ് ടെർമിനലിന് റെയിൽവേ ബോർഡ് അനുമതി നൽകി കഴിഞ്ഞിരിക്കുകയാണ്. നിലവിലുള്ള 116 കോടിയുടെ പദ്ധതിയിൽ പുതിയ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. നേമം ഉൾപ്പെടെ സംസ്ഥാനത്ത് 32 സ്റ്റേഷനുകൾ റീ ഡെവലപ്പ് ചെയ്യുന്നുണ്ട്. നേമത്തെ വികസനത്തിന് ഇനിയും കുറച്ചു ഭൂമി കൂടെ ഏറ്റെടുക്കേണ്ടി വരും. 

    നേമം ടെർമിനൽ പൂർത്തിയായാൽ അത് തിരുവനന്തപുരത്തിൻ്റെ ഉപഗ്രഹ സ്റ്റേഷനായി മാറും. ഇതോടെ ഭാവിയിൽ കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് പുറപ്പെടുകയും, അവസാനിക്കുകയും ചെയ്യും. ടെർമിനലിൻ്റെ ഭാഗമായി നേമത്ത് പണികൾക്കുള്ള രണ്ട് പെറ്റ് ലൈനുകൾ, നാല് സ്റ്റേബിളിംഗ് ലൈനുകൾ, വലിയ തകരാറുകൾ പരിഹരിക്കുവാൻ ഉള്ള രണ്ട് സിക് ലൈനുകൾ, നാല് പ്ലാറ്റ് ഫോമുകൾ, പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് അണ്ടർ പാസ് ,നടപ്പാലം, എസ്കലേറ്റർ ,ലിഫ്റ്റ്,  പാർക്കിംഗ് ഏരിയ എന്നിവയും നിർമ്മിക്കും.

 സംസ്ഥാനത്തിലെ റെയിൽവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതാണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. നേമത്തെ ടെർമിനലിനായി 2011-12 റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടായിരുന്നു. 2018 -19 ൽ റെയിൽവേ അംബ്രല്ല വർക്കിൻ്റെ  ഭാഗമായി ഇവിടെ തറക്കല്ല് ഇട്ടിരുന്നു.പിന്നീട് 2022ൽ കൊച്ചു വേളി ഉപടെർമിനലായി മാറിയ അവസ്ഥയിൽ നേമം പദ്ധതി ഉപേക്ഷിച്ചു എന്ന വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോഴാണ് വീണ്ടും നേമത്തെ വികസന പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍