പശ്ചിമ തീര ജലപാത വികസനം പുരോഗമിക്കുന്നു
കോവളം മുതൽ കാസർഗോഡ് ബേക്കൽ വരെയുള്ള പശ്ചിമതീര ജലപാത വികസനം നടന്നു വരികയാണ്. തിരുവനന്തപുരത്ത് ആക്കുളം മുതൽ വർക്കല വരെയുള്ള ഭാഗത്ത് പണികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഇതിനിടയിൽ ഈ പാതയിൽ പ്രധാന പ്രശ്നം എന്നത് കൈയേറ്റമാണ്. ജലപാതയുടെ വീതി കൂട്ടുമ്പോൾ, കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികളും നഷ്ടപരിഹാര വിതരണവും തുടങ്ങിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി 1275 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്.
കോവളം മുതൽ വർക്കല വരെയുള്ള കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. 247.2 കോടി ഇതിനായി സർക്കാർ ചെലവടുന്നുണ്ട്. കിഫ്ബി വഴിയാണ് തുക കണ്ടെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ പുനരധിവസിപ്പിക്കേണ്ട 1470 കുടുംബങ്ങളിൽ, 1275 ഉം കോവളത്തിനും വർക്കലക്കും ഇടയിലാണ് വരുന്നത്. മൊത്തം 427 കോടിയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
വർക്കല, കഠിനംകുളം, തിരുവനന്തപുരം ഭാഗങ്ങളിൽ പുനരധി വാസത്തിനായി 10 ലക്ഷം വീതമാണ് കുടുംബങ്ങൾക്ക് നൽകുന്നത്. ഇവർക്ക് വാടക അടക്കം നൽകാനായി 14 . 8 കോടിയാണ് ചിലവ്. കെട്ടിടങ്ങളുടെ വിലയായി 79 . 57 കോടിയും, കടകൾക്കായി 19 .5 ലക്ഷവുമാണ് വേണ്ടിവരുന്നത്.
വർക്കല ഭാഗത്ത് പുനർഗേഹം പദ്ധതി പ്രകാരം 60 മത്സ്യ തൊഴിലാളി കുടുംബങ്ങളെ പുനരധിപ്പിക്കുന്നുണ്ട് . ഇതിനായി 6 കോടി ഫിഷറീസ് വകുപ്പിന് സർക്കാർ നൽകിയിട്ടുണ്ട്. പുനരധിവാസം കേരള നിർമിതി കേന്ദ്രമാണ് നടത്തുന്നത്.
വർക്കല ടി എസ് കനാൽ, വെട്ടൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ഉള്ളവരെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കോവളത്തിനും ആക്കുളത്തിനും ഇടയിൽ 942 കുടുംബങ്ങളും, പുത്തൻതോപ്പിൽ 116 കുടുംബങ്ങളെയും മാറ്റി പാർപ്പിക്കേണ്ടതുണ്ട്. വർക്കല തുരുപ്പിനടുത്ത് 27 കുടുംബങ്ങൾ, വർക്കലക്കും നടയറ കായലിനും ഇടയിൽ 385 കുടുംബങ്ങൾ എന്നിവരെയാണ് പുനരധിവസിപ്പിക്കേണ്ടി വരുന്നത്.
കേരള വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെൻ്റും ചേർന്നാണ് ഫീൽഡ് പരിശോധന നടത്തിയത്. 616 കിലോമീറ്റർ വരുന്നതാണ് പശ്ചിമതീര ജലപാത. 13 സ്ട്രച്ചുകളാണ് ഇതിനിടയിൽ വരുന്നത്.
2026 ൽ പൂർത്തിയാക്കാൻ ആണ് ലക്ഷ്യമെടുക്കുന്നത്. ജലഗതാഗതം, ടൂറിസം, ഫിഷറീസ്, ബോട്ട് ജെട്ടികൾ, യാത്രികർക്കായുള്ള സൗകര്യങ്ങൾ ഇവയെല്ലാം ഇതിൻ്റെ ഭാഗമായി വരുന്നുണ്ട്. കോവളം മുതൽ ബേക്കൽ വരെയുള്ള ഭാഗത്ത് വികസനത്തിനും തൊഴിലവസരങ്ങൾക്കും ഇടയാക്കുന്നതാണ് ഈ പാത.
പൂർത്തിയായാൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മനുഷ്യ നിർമിത ജലപാതയായി ഇത് മാറും. 6500 കോടിയാണ് മൊത്തം പദ്ധതി ചെലവ്. കാലതാമസം നേരിടുംതോറും പദ്ധതി ചെലവ് ഉയർന്നുകൊണ്ടിരിക്കും. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ തിരുവനന്തപുരം ജില്ലയിൽ നന്നായി പുരോഗമിക്കുന്നുണ്ട്. പുനരധിവാസവും ഒഴിപ്പിക്കലും കൂടുതൽ സമയമെടുക്കുന്ന കാര്യങ്ങളാണ്.
0 അഭിപ്രായങ്ങള്‍