പൂവാർ കപ്പൽനിർമാണശാലയ്ക്ക് സാധ്യതയേറുന്നു
സമീപകാലത്ത് കേന്ദ്ര തുറമുഖ ഷിപ്പിംഗ് വകുപ്പ് മന്ത്രി ശ്രീ സാർബാനന്ദ സോനവാൾ പ്രഖ്യാപിച്ച വാർത്തയിൽ ,കപ്പൽ നിർമ്മാണം- കപ്പൽ അറ്റകുറ്റപ്പണികൾ ഇവയ്ക്കായി ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിക്കാൻ പോകുകയാണ് എന്നാണ്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കേരളം, ഒഡീഷ എന്നിവയാണ് ഈ അഞ്ച് സംസ്ഥാനങ്ങൾ.
വളരെയധികം തന്ത്രപരമായ പ്രാധാന്യമുള്ള ഈ പദ്ധതി കേന്ദ്രസർക്കാരിൻറെ നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുന്നതാണ്. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ 40 മില്യൺ കണ്ടെയ്നറുകൾ രാജ്യത്ത് കൈകാര്യം ചെയ്യാനും 2 മില്യൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ആണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് .ഇതാണ് ഈ വാർത്തയുടെ പ്രധാന ഉള്ളടക്കം.
പൂവാർ കപ്പൽ നിർമാണ ശാലയുടെ പ്രാധാന്യം
ഇതിൽ കേരളത്തിൻറെ പ്രത്യേകത നോക്കിയാൽ പ്രധാനമായും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായി കൊണ്ടിരിക്കുകയാണ്. എന്നാൽ 2028 പ്രഖ്യാപിക്കപ്പെട്ട ശേഷം ഉറങ്ങിക്കിടക്കുന്ന പൂവാറിലെ കപ്പൽ നിർമ്മാണശാല എന്ന പദ്ധതിയുടെ ആവശ്യകത ഇപ്പോൾ ഉയരുകയാണ്. ഈ പ്രഖ്യാപനം വന്നതിനുശേഷം മറ്റു സംസ്ഥാനങ്ങളിൽ ഊർജ്ജിതമായി ഇതിനെക്കുറിച്ചുള്ള പദ്ധതികൾക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ കേരളം ഇപ്പോഴും അതിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
ഇവിടെ പൂവാറിലെ കപ്പൽ നിർമ്മാണശാല എന്ന വിഷയത്തിൽ എന്തൊക്കെയോ പിൻവലിക്കലുകൾ നടക്കുന്നില്ലേ എന്ന് ഒരു സാധാരണക്കാരൻ്റെ ചിന്തയിൽ തോന്നുകയാണ്. 2008 ൽ അന്നത്തെ സർക്കാർ ഈ പദ്ധതിക്കായി മുംബൈ പോർട്ട് ട്രസ്റ്റിനെ നോഡൽ ഏജൻസിയായി നിയമിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല.
ഇപ്പോൾ ഒരു സുവർണ്ണ അവസരമാണ് മുന്നിലെത്തിയിരിക്കുന്നത്. കണ്ണൂരിലെ അഴീക്കൽ, കോഴിക്കോട് ബേപ്പൂർ, കൊല്ലം എന്നിവയും ഈ വിഷയത്തിൽ കേരളത്തിൻറെ താല്പര്യം ഉള്ള പ്രദേശങ്ങളാണ്.
പൂവാറിൻ്റെ പ്രത്യേകതകൾ
ഇനി പൂവാറിനെ ഇതിനെല്ലാം മുന്നിലെത്തിക്കുന്ന പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം. ഒന്നാമതായി മറ്റേതൊരു പ്രദേശത്തേക്കാളും മുന്നിൽ നിൽക്കുന്ന കാര്യം, പൂവാർ അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അതായത് 18.5 കിലോമീറ്റർ ദൂരത്തിലാണ് എന്നതാണ്. വിഴിഞ്ഞത്തെ പോലെ പൂവാറും അന്താരാഷ്ട്ര കപ്പൽ ചാലിൻ്റെ ഏറ്റവും അടുത്താണ് സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞത്തിന് വെറും 10 കിലോമീറ്റർ ദൂരത്തിലാണ് പൂവാർ സ്ഥിതി ചെയ്യുന്നത്. 2.5 കി.മീ ദൂരത്തോളം യാതൊരു തടസ്സവും ഇല്ലാത്ത വിശാലമായ കടൽത്തീരമാണ് ഇവിടെയുള്ളത്. പൂവാറിൽ ഈ പദ്ധതി നടപ്പിലാക്കുവാൻ സ്ഥലം ഏറ്റെടുക്കാൻ കുടിയൊഴിപ്പിക്കലിൻ്റെ ആവശ്യം വരുന്നില്ല. കാരണം 200 ഏക്കറോളം ഭൂമി സർക്കാരിൻ്റെ തന്നെ സ്വന്തമായി വെറുതെ കിടക്കുകയാണ്.
മറ്റൊന്ന് നെയ്യാറിൻ്റെ സാന്നിധ്യമാണ്. ശുദ്ധജല ആവശ്യങ്ങൾക്ക് വേറെങ്ങും പോകേണ്ട ആവശ്യം വരുന്നില്ല. നെയ്യാർ നദി അറബിക്കടലിൽ പതിക്കുന്ന പൊഴിക്കരയാണ് ഈ പ്രദേശം. തലസ്ഥാനത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ മുന്നിൽ തന്നെയാണ് പൂവാറിൻ്റെ സ്ഥാനം. ദേശീയപാത 66 ഇവിടെ നിന്നും 6 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. തിരുവനന്തപുരം കന്യാകുമാരി റെയിൽ പാതയിൽ നിന്നും 10 കിലോമീറ്റർ ദൂരത്തിലാണ് പൂവാർ വരുന്നത്.
വിശാലമായ കടപ്പുറവും 800 മുതൽ 1000 ഏക്കർ വരെ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ തടസ്സങ്ങൾ ഇല്ലാതെ സർക്കാരിന് ഇവിടെ ഏറ്റെടുക്കാവുന്നതാണ്. വിഴിഞ്ഞത്ത് വരുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും, അന്താരാഷ്ട്ര കപ്പൽ ചാലിൽ കൂടെ പോകുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും വേഗത്തിൽ പൂവാറിലെത്തി കാര്യം സാധിച്ചു മടങ്ങുവാൻ സാധിക്കും. അങ്ങനെ ഒരു കപ്പൽ നിർമ്മാണശാലയ്ക്ക് വേണ്ട എല്ലാ യോഗ്യതയും ഉള്ള പൂവാറിനെ സർക്കാർ കേരളത്തിൻറെ പ്രതിനിധിയായി മുന്നിൽ വയ്ക്കേണ്ടതാണ്.
ഈ പദ്ധതി ഉപേക്ഷിക്കപ്പെടാൻ പാടില്ല
വളരെ നിസ്സാരകാരണങ്ങൾ പറഞ്ഞ് തിരുവനന്തപുരത്തിലെ നിരവധി പദ്ധതികൾ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുകയാണ്. ആ ഒരു അവസ്ഥയിലേക്ക് പൂവാർ കപ്പൽ നിർമ്മാണശാല വരുവാൻ പാടുള്ളതല്ല.
#poovar #shipyard #shipping #vizhinjaminternationalseaport #project #development #trivandrumpulse
0 അഭിപ്രായങ്ങള്‍