കാട്ടാക്കടയുടെ ചരിത്രവും വിശേഷങ്ങളും
കേരള തലസ്ഥാനമായ തിരുവനന്തപുരത്തിലെ പല സുപ്രധാന പ്രദേശങ്ങളും സ്ഥലനാമം കൊണ്ട് ശ്രദ്ധേയമാണ്. അത്തരത്തിലൊന്നാണ് കാട്ടാക്കട. തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഇതിൻ്റെ വടക്ക് ഭാഗത്ത് നെടുമങ്ങാടും തെക്ക് നെയ്യാറ്റിൻകരയും അതിർത്തികളായി വരുന്നു. നെടുമങ്ങാട് കഴിഞ്ഞാൽ തിരുവനന്തപുരം ജില്ലയിലെ മലയോര ഉൽപ്പന്നങ്ങളുടെ രണ്ടാമത്തെ വിപണിയാണ് കാട്ടാക്കട.
അഗസ്ത്യവനം വന്യജീവി സങ്കേതത്തിൻ്റെ കേന്ദ്രവും, വിനോദ സഞ്ചാര കേന്ദ്രവുമായ നെയ്യാർഡാം കാട്ടാക്കടയിൽ നിന്ന് 10 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. പശ്ചിമഘട്ട പർവത നിരകളുടെ പ്രവേശന കേന്ദ്രവും തിരുവനന്തപുരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളുടെ നാഡീ കേന്ദ്രവുമാണ് കാട്ടാക്കട. ഇന്ന് ഇവിടം ഒരു വിദ്യാഭ്യാസ കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുകയാണ്.
കാട്ടാക്കട, പൂവ്വച്ചൽ എന്നീ രണ്ട് ഗ്രാമ പഞ്ചായത്തുകളിലായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 2011 മുതൽ കേരള നിയമസഭയിലെ ഒരു മണ്ഡലമാണ് കാട്ടാക്കട. 2013 ൽ കാട്ടാക്കട താലൂക്ക് രൂപം കൊണ്ടു.
കാട്ടാക്കട എന്ന പേരിനു പിന്നിൽ പല കഥകളും കേൾക്കാറുണ്ട്. കാട്ടു ആൽമരവും, വ്യാപാരകേന്ദ്രവും തമ്മിലുള്ള ബന്ധമാണ് ഈ പേരിനു പിന്നിലെന്ന് കരുതപ്പെടുന്നു. കാട്ടാൽ-ആൽമരങ്ങളാൽ ചുറ്റപ്പെട്ട സ്ഥലം, കട എന്നാൽ തണൽ അങ്ങിനെ കാട്ടാക്കട എന്ന പേര് വന്നു. പ്രസിദ്ധ ചരിത്രകാരനായ എം.ജി.ശശിഭൂഷൻ്റെ അഭിപ്രായത്തിൽ മറ്റൊരു കഥയുണ്ട്. തിരുവിതാംകൂർ പട്ടാളത്തിൽ സേവനമനുഷ്ഠിക്കുകയും, പിന്നീട് ഇറക്കുമതി, കയറ്റുമതി നികുതികൾ പിരിക്കാൻ സർക്കാർ നിയോഗം ലഭിച്ച കാട്ടാൽകട എന്ന ജന്മി കുടുംബം ഇവിടെയുണ്ടായിരുന്നു. അതാണ് ഈ സ്ഥലനാമത്തിനു കാരണമായി മാറിയത് എന്നാണ് പറയപ്പെടുന്നത്.
കാട്ടാക്കട പ്രസിദ്ധമായ ഒരു വാണിജ്യ കേന്ദ്രമായിരുന്നു. കോട്ടൂർ മേഖലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന അംബസമുദ്രം എന്ന ഒരു വ്യാപാരപാത ഇവിടെ നിലവിലുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഈ വഴിയിലൂടെ അനധികൃതമായി കുരുമുളക് കച്ചവടം നടന്നിരുന്നുവെന്നും മാർത്താണ്ഡവർമ്മ മഹാരാജാവ് ആ വഴി തടഞ്ഞുവെന്നും പറയപ്പെടുന്നു. കോട്ടൂർ, നെയ്യാർഡാം ഭാഗത്തു നിന്നുള്ള വന വിഭവങ്ങളുടെ വ്യാപാരം ഇവിടെയാണ് നടന്നിരുന്നത്. വിറക്, തേൻ മറ്റു വന വിഭവങ്ങൾ എന്നിവയുടെ വ്യാപാരത്തിലൂടെയാണ് ഇവിടുത്തെ പഴമക്കാർ ഉപജീവനത്തിനുള്ള വഴികൾ കണ്ടെത്തിയിരുന്നത്. അഗസ്ത്യാർകൂടത്തിലേയ്ക്കുള്ള യാത്രയിൽ ആദ്യത്തെ ആദിവാസി സെറ്റിൽമെൻ്റ് പ്രദേശമാണ് കാട്ടാക്കട.
അഗസ്ത്യാർകൂടം മലനിരകൾ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പൊതു മാർക്കറ്റ്, പങ്കജകസ്തൂരി മെഡിക്കൽ കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, പോസ്റ്റ് ഓഫീസ്, വിവിധങ്ങളായ ആരാധനാലയങ്ങൾ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. വിമാനത്താവളത്തിലേയ്ക്ക് 14.17 കി.മീറ്ററും, ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേയ്ക്ക് 10 കി.മീറ്ററും ആണ് ദൂരം. മണ്ണൂർകര, പെരുംകുളം, വീരണകാവ്, അമ്പൂരി, കള്ളിക്കാട്, കീഴാറൂർ, കുളത്തുമ്മൽ, മലയിൻകീഴ്, മാറനല്ലൂർ, ഒറ്റശേഖരമംഗലം, വാഴിച്ചാൽ, വിളപ്പിൽ, വിളവൂർക്കൽ എന്നിവയാണ് കാട്ടാക്കടയിൽ ഉൾപ്പെടുന്ന വില്ലേജുകൾ. 22.54 ചതുരശ്ര കീലോമീറ്റർ വിസ്തീർണ്ണവും 2011 ലെ കണക്കിൽ 40,448 ഉം ആണ് ഇവിടുത്തെ ജനസംഖ്യയും ആയി വരുന്നത്.


2 അഭിപ്രായങ്ങള്‍
ഹ മനോഹരം പറഞ്ഞു കേട്ടിട്ടുള്ളത് ഇപ്പോൾ വായിച്ചപ്പോൾ കുറച്ചു കൂടി അറിവ് നൽകി
മറുപടിഇല്ലാതാക്കൂthanks for comments
ഇല്ലാതാക്കൂ