വിഴിഞ്ഞം സമരം അദാനിക്ക്
ഒരു ദിവസം 2 കോടി നഷ്ടം
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടക്കുന്ന സമരം 12 ദിവസം പിന്നിടുമ്പോൾ കാര്യങ്ങൾക്ക ്ഒരു തീരുമാനവും ഉണ്ടായിട്ടില്ല .ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ 2023 മാർച്ച് മാസം തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കയില്ല എന്ന കാര്യം ഉറപ്പാണ്.
2015 ൽ തുടങ്ങിയ പദ്ധതി ഓഖി, കാലവർഷം, പാറക്കല്ലിൻ്റെ ലഭ്യത എന്നീ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. 2023 മാർച്ചിൽ കമ്മീഷൻ ചെയ്ത് ഇവിടെ ആദ്യത്തെ കപ്പൽ അടുപ്പിക്കുമെന്ന് തുറമുഖ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തുറമുഖ നിർമ്മാണം നിറുത്തി വെച്ചത് അന്താരാഷ്ട്ര തലത്തിൽ കേരളത്തിന് തിരിച്ചടിയായിരുക്കുകയാണ്.
ഒരു ദിവസത്തെ തുറമുഖ നിർമ്മാണം മുടങ്ങുമ്പോൾ തന്നെ ഏതാണ്ട് 2 കോടി രൂപ അദാനി ഗ്രൂപ്പിന് നഷ്ടം സംഭവിക്കുന്നു എന്നു പറയുന്നു .അങ്ങിനെയാണെങ്കിൽ 12 ദിവസം കൊണ്ടു തന്നെ 24 കോടി രൂപ നഷ്ടം ഇതുവരെ ഉണ്ടായിരിക്കുകയാണ്. അതുപോലെ സർക്കാരിനും നഷ്ടമുണ്ടായിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഇതു വരെ തുറമുഖ നിർമ്മാണത്തിന് 3000 കോടി രൂപയോളം ചിലവാക്കിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം വന്നിരുന്നുവെങ്കിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രതിവർഷം നടക്കുന്ന 35 ലക്ഷം കണ്ടെയ്നർ കൈമാറ്റത്തിൻ്റെ 20 മുതൽ 30 ശതമാനം വരെ ഇവിടെ കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമായിരുന്നു. നിർമ്മാണം വൈകും തോറും നഷ്ടവും കൂടുന്നു.
ശ്രീലങ്കയിൽ ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് വിഴിഞ്ഞം തുറമുഖത്തിൻ്റെ പണി വേഗത്തിലാക്കാനുള്ള ശ്രമം നടക്കുന്ന സമയത്താണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. പോർട്ട് ഓഫീസ്, വൈദ്യുതി സബ്സ്റ്റേഷൻ, വർക്ക്ഷോപ്പ് എന്നിവയുടെ നിർമാണം പൂർത്തിയായിരുന്നു. പുലിമുട്ട്, കപ്പൽ അടുക്കുന്ന ബർത്തുകൾ, ബ്രേക്ക് വാട്ടർ, അപ്രോച്ച് റോഡ്, വെയർ ഹൌസ് എന്നിവയുടെ നിർമ്മാണവും പൂർത്തീകരിക്കേണ്ടതുണ്ട്. ബ്രേക്ക് വാട്ടറിൽ 1200 മീറ്റർ മാത്രമാണ് പൂർത്തിയായത്. ആദ്യ ബർത്തിന് 400 മീറ്റർ നീളമുണ്ട്. ഇത് പൂർത്തിയായാൽ തന്നെ 2023 ൽ ആദ്യ കപ്പൽ അടുപ്പിക്കാനാകും
2015 ലെ കരാർ പ്രകാരം പദ്ധതിച്ചിലവ് 5232 കോടിയും, ബ്രേക്ക് വാട്ടറിന് സർക്കാർ വിഹിതമായി 1463 കോടിയും ആയിരുന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ 4089 കോടിയും അതിൽ കേന്ദ്രം 818 കോടിയും കേരളം 817 കോടിയും അദാനി പോർട്സ് 2454 കോടിയും എന്നതായിരുന്നു കണക്കുകൾ.
സമരം 12 ദിവസം കഴിയുമ്പോൾ തന്നെ പ്രതിഷേധം കടുപ്പിക്കാൻ സമര സമിതി തീരുമാനിച്ചിരിക്കുകയാണ്. സമര സമിതി ആവശ്യപ്പെട്ട 7 കാര്യങ്ങളിൽ 5 എണ്ണത്തിന് ധാരണയായിട്ടുണ്ട്. എന്നാൽ തുറമുഖ നിർമ്മാണം നിറുത്തി വെയ്ക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല. പുനരധി വാസത്തിനായി മുട്ടത്തറയിലെ ക്ഷീര വകുപ്പിൻ്റെ 10 ഏക്കർ ഭൂമി വിട്ടു കൊടുക്കാൻ ധാരണയായിരുന്നു. ഇപ്പോൾ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകളും എത്തിച്ചേർന്നിരിക്കുകയാണ്.
പദ്ധതി നടത്തിപ്പിനായി സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശവും ലഭിച്ചിരിക്കുകയാണ്. 2015 ൽ ഹരിത ട്രൈബ്യൂണലിലെ കേസ് പൂർത്തിയാകുന്നതു വരെ തുറമുഖ നിർമ്മാണ നിറുത്തി വെയ്ക്കണമെന്ന് മത്സ്യതൊഴിലാളികൾ കേസ് നൽകിയിരുന്നു. എന്നാൽ രാജ്യത്തിൻ്റെ വികസനത്തിന് അനിവാര്യമായ പദ്ധതികൾക്കെതിരെ ഹർജി നൽകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല എന്ന് സുപ്രീം കോടതി വിശദീകരണം നൽകിയിരുന്നു.
സമരം തുടങ്ങിയ സമയത്ത് മുഖ്യമന്ത്രിയുമായുള്ള ചർച്ചയോടെ ഒത്തുതീർപ്പിലെത്തുമെന്ന് ഏവരും പ്രതീക്ഷ വച്ചിരുന്നു. എന്നാൽ ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരുകയല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലാണ് സമരസമിതി. പ്രതിപക്ഷം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും തുറമുഖ നിർമ്മാണം നിറുത്തി വെയ്ക്കുക എന്ന ആവശ്യത്തോട് അനുകൂല സമീപനം എടുത്തിട്ടില്ല. ഇതിനിടെ സമരം കാരണം പ്രദേശത്തെ സ്വൈര്യജീവതത്തിന് തടസ്സം ഉണ്ടാകുന്നു എന്ന അഭിപ്രായവുമായി തദ്ദേശ വാസികളുടെ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.






2 അഭിപ്രായങ്ങള്
നാം ജനിച്ച് വളർന്ന നാട്ടിൽ നടക്കുന്ന യാർത്ഥ്യങ്ങൾ നമ്മുക്ക് പറഞ്ഞു തരുന്ന രീതിയിലുള്ള ഈ വിവരണത്തിന് നന്ദി
മറുപടിഇല്ലാതാക്കൂthanks for comments
മറുപടിഇല്ലാതാക്കൂ