വെള്ളായണി കായലിലെ വള്ളം കളി

 വെള്ളായണി കായലിൽ ആവേശം

 വിതറിയ വള്ളംകളി



    തിരുവനന്തപുരത്തിലെ വെള്ളായണി കായലിൽ നടന്ന വള്ളംകളി മത്സരം ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 45 വർഷങ്ങൾക്കു മുൻപ് തദ്ദേശീയരായ ഒരു സംഘം ചെറുപ്പക്കാർ രൂപികരിച്ച വള്ളംകളി ക്ലബ് ആണ് ഇന്ന് വൻ ജനപങ്കാളിത്തത്തോടെ മഹാത്മാ അയ്യങ്കാളി ജലോത്സവം ആയി മാറിയിരിക്കുന്നത്.

    നാലു തരം വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം, ചുണ്ടൻ വള്ളം എന്നിങ്ങനെയായിരുന്നു മത്സരങ്ങൾ.ഒന്നാം തരം വള്ളങ്ങളിൽ ബിജു ക്യാപ്റ്റനായ കാക്കാമൂല ബ്രദേഴ്സ് ചുണ്ടന് ശ്രീ അയ്യങ്കാളി എവർ റോളിംഗ് മിനിസ്റ്റേഴ്സ് കപ്പ് ലഭിച്ചു.


മത്സര ഫലം

ഒന്നാം തരം വള്ളങ്ങൾ

ഒന്നാം സ്ഥാനം-കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ(ക്യാപ്റ്റൻ-ബിജു)

രണ്ടാം സ്ഥാനം - കാക്കാമൂല നടുഭാഗം ചുണ്ടൻ(ക്യാപ്റ്റൻ-അനിൽകുമാർ)

രണ്ടാംതരം വള്ളങ്ങൾ

ഒന്നാം സ്ഥാനം-കാക്കാമൂല ബ്ലൂ ബേർഡ്സ്(ക്യാപ്റ്റൻ-അജി)

രണ്ടാം സ്ഥാനം-കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ(ക്യാപ്റ്റൻ-അനിൽദാസ്)

മൂന്നാംതരം വള്ളങ്ങൾ

ഒന്നാം സ്ഥാനം- കാക്കാമൂല പടക്കുതിര(ക്യാപ്റ്റൻ-ഷൈജു)

രണ്ടാം സ്ഥാനം - വെള്ളായണി കാരിച്ചാൽ ചുണ്ടൻ(ക്യാപ്റ്റൻ-അഭിജിത്)

ചുണ്ടൻ വള്ളങ്ങൾ

ഒന്നാം സ്ഥാനം- ശ്രീ.വിശ്വനാഥൻ,നെടുമ്പ്രം ബോട്ട് ക്ലബ്,തിരുവല്ല

                                (ക്യാപ്റ്റൻ- ജോയൽപുന്നൂസ്)                                                                                                         

രണ്ടാം സ്ഥാനം- നെടുംപറമ്പിൽ ചുണ്ടൻ(ക്യപ്റ്റൻ-ഐപ് ചെറിയാൻ)

    മികച്ച അമരക്കാരനായി ബ്രദേഴ്സ് ചുണ്ടനിലെ ബിനു സുധനെ തിരഞ്ഞെടുത്തു. മൂന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ  അന്യസംസ്ഥാനക്കാരുടെ ടീമും പങ്കെടുത്തത് ശ്രദ്ധേയമായി.പശ്ചിമ ബംഗാളിൽ നിന്നും ഇമ്രാൻഷേക്ക് ക്യാപ്റ്റനും ഒമിത്ത് അമരക്കാരനുമായ വള്ളമാണ് സ്വദേശികളുമായി മത്സരിച്ചത്.



    അയ്യങ്കാളി ജലോത്സവ ട്രസ്റ്റിൻ്റെയും സംസ്ഥാന ടൂറിസം വകുപ്പിൻ്റെയും സംയുക്ത സംരംഭമായിരുന്നു ഈ വള്ളംകളി മത്സരം. ഇതിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ചന്തുകൃഷ്ണ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് മല്ലിക, ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ, എസ്.സുരേഷ്, അഡ്വ.പുഞ്ചക്കരി ജി.രവീന്ദ്രൻ നായർ, ആർ.മോശ, എം.വിനുകുമാർ, എസ്.കെ.പ്രീജ തുടങ്ങിയവർ പങ്കെടുത്തു.





    കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജല തടാകമായ വെള്ളായണി കായൽ ഇന്ന് കയ്യേറ്റം മൂലം വിസ്തൃതി കുറഞ്ഞിരിക്കുന്നു. കായലിനെ സംരക്ഷിക്കാനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഉദ്ദേശിച്ച ഫലത്തിൽ ഇപ്പോഴും എത്തിയിട്ടില്ല. അനന്തമായ ടൂറിസം സാധ്യതകളാണ് ഈ കായൽ മുന്നോട്ടു വെയ്ക്കുന്നത്. കാക്കാമൂല ബണ്ട് റോഡ് മാറ്റി അവിടെ ഒരു പാലം നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കായലിലെ അപൂർവ്വമായ ജൈവ സമ്പത്തും, മത്സ്യലഭ്യതയും സംരക്ഷിക്കേണ്ടതാണ്. കായലിനെ ആശ്രയിച്ചാണ് ഒരു പ്രദേശത്തിൻ്റെ കുടിവെള്ള പദ്ധതികൾ നിലനിൽക്കുന്നത്.

    വെള്ളായണി കായലും പരിസരവും ഇപ്പോഴും സംസ്ഥാന ടൂറിസം ഭൂപടത്തിൽ സ്ഥാനം ലഭിച്ചിട്ടില്ല. വള്ളം കളി മത്സരം ഭാവിയിൽ പ്രശസ്തമാകുന്ന തരത്തിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കേണ്ടതാണ്. തലസ്ഥാന നഗരിക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ സൌന്ദര്യമാണ് വെള്ളായണി കായൽ.








ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍