കനകക്കുന്നിലെ ക്യാപ്റ്റൻ ലക്ഷ്മി പാർക്ക് തുറന്നു

 കനകക്കുന്നിലെ ക്യാപ്റ്റൻ ലക്ഷ്മി പാർക്ക് തുറന്നു

    കനകക്കുന്നു കൊട്ടാരത്തിന് എതിരെയുള്ള കേരള വാട്ടർ അതോറിറ്റിയുടെ ഓഫീസിനടുത്തുള്ള പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. ക്യാപ്റ്റൻ ലക്ഷ്മിയുടെ പേരിലുള്ള ഈ പാർക്ക് നഗരസഭയാണ് നവീകരിച്ചത്.


    സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 1.92 കോടി രൂപയുടെ നവീകരണമാണ് ഇവിടെ നടത്തിയത്. ഓപ്പൺ ജിം, കുട്ടികൾക്കായുള്ള വിനോദ ഉപകരണങ്ങൾ, ഇരിപ്പടങ്ങൾ, പുൽത്തകിടി, ഓപ്പൺ ചെസ് കോർട്ട്, ഫുഡ് കിയോസ്ക്, സ്കേറ്റിംഗ് യാർഡ്, തുടങ്ങിയവയും തയ്യാറാക്കിയിട്ടുണ്ട്.


    "പ്രതിരോധവും പരിസ്ഥിതി സൌഹൃദവും"എന്ന  സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുന്ന പാർക്കുകകളുടെയും, പൊതു സ്ഥലങ്ങളുടെയും നവീകരണം എന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ചെസ്റ്റ് പ്രസ്സ്, ട്വിസ്റ്റ് സ്റ്റെപ്പർ, റൈഡർ, ആം ആൻഡ് പെഡൽ ബൈക്ക്, സ്ക്വാറ്റ് പുഷിംഗ് എന്നിങ്ങനെയുള്ള വ്യായാമ ഉപകണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള കുളം നവീകരിച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ പ്രകാശ സംവിധാനങ്ങൾ കൂടിയാകുമ്പോൾ രാത്രികാല കാഴ്ചകൾ മനോഹരങ്ങളായി മാറുന്നു.


    പിഞ്ചു കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി കളിക്കാനും, മാതാപിതാക്കൾക്ക് അവരെ നിരീക്ഷിക്കാനും സാധിക്കുന്ന തരത്തിൽ തട്ടുകളായാണ് പാർക്കിൻ്റെ ഭൂപ്രകൃതി. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇവിടെ കളിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മനോഹരമായ പുൽത്തകിടികൾ പാർക്കിൻ്റെ സൌന്ദര്യം വർദ്ധിപ്പിക്കുന്നു.

    സിസി ടിവി ക്യാമറാ സംവിധാനവും കൺട്രോൾ റൂമും തയ്യാറാക്കിയിട്ടുണ്ട്. ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് ചെയ്തിരിക്കുന്നത്. ഭാവിയിൽ ശില്പങ്ങളും ഇവിടെ സജ്ജീകരിക്കും.




    വർഷങ്ങൾക്ക് മുൻപ് ഇവിടെ ധാരാളം പേർ പതിവായി വരുമായിരുന്നു. കൃത്രിമ വെള്ളച്ചാട്ടവും ശാന്തമായ അന്തരീക്ഷവും ഇവിടെ വരുന്നവർക്ക് ആസ്വാദ്യകരമായിരുന്നു. എന്നാൽ കൃത്യമായ പരിചരണമില്ലാതെ ഇത് നശിച്ച അവസ്ഥയിലായിരുന്നു. തിരുവനന്തപുരം നഗരത്തിലെ പൊതു സ്ഥലങ്ങളും പാർക്കുകളും നന്നായി പരിപാലിക്കുകയാണെങ്കിൽ അത് നഗരത്തിൻ്റെ ഒത്തു ചേരലിനുള്ള വേദികളായി മാറും എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതിനായി ഭരണ സംവിധാനങ്ങൾ, യഥാസമയം ഉചിതമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ മുടക്കം വരുത്താതെ നോക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍