വള്ളംകളിയും പൈതൃക ടൂറിസവും തലസ്ഥാനത്ത്

 വള്ളം കളിയും പൈതൃക ടൂറിസവും തലസ്ഥാനവും

    തിരുവനന്തപുരം നഗരത്തിൻ്റെ വികസനത്തിനായി പല കാലഘട്ടങ്ങളിൽ പദ്ധതികൾ തയാറാക്കിയിരുന്നു. തിരുവനന്തപുരം ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്ന വാർത്തകളും വന്നിരുന്നു. അടിസ്ഥാന സൌകര്യ വികസനം, പൊതുഗതാഗതം മെച്ചപ്പെടുത്തൽ, താമസം, ഭക്ഷണം എന്നിവയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാനായി സമീപകാലങ്ങളിൽ നടന്ന ഉന്നതതല വിദഗ്ധരുടെ സമ്മേളനങ്ങളിൽ നിർദ്ദേശങ്ങൾ ഉയർന്നിരുന്നു.

    തിരുവനന്തപുരത്തിന് പൈതൃകമായി ലഭിച്ച നിരവധി കാര്യങ്ങൾ ടൂറിസം വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ ഇനിയും സാധിച്ചിട്ടില്ല. ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കും എന്ന് സർക്കാർ പുതിയ ആശയം അവതരിപ്പിച്ചിരിക്കുകയാണ്. കാരവാൻ ടൂറിസം, നൈറ്റ് ലൈഫ് തുടങ്ങിയ പുതിയ സംരംഭങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. അതോടെ ടൂറിസം മേഖലയിൽ ചലനങ്ങൾ ഉണ്ടായി എന്ന സൂചന ലഭിച്ചിരിക്കുകയാണ്.


    2040 വരെയുള്ള തിരുവനന്തപുരം നഗരത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ നഗരത്തിലെ പ്രധാന ജലാശയങ്ങളിൽ വള്ളം കളി സംഘടിപ്പിക്കുന്നത്, വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കുമെന്ന നിർദ്ദേശം പുതിയ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. വേളി, ആക്കുളം കായലുകളിൽ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം വാട്ടർ തീം പാർക്കുകളും സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ ഒരുക്കണം എന്നും കരട് മാസ്റ്റർപ്ലാനിൽ നിർദ്ദേശം വന്നിരിക്കുന്നു.

    വള്ളം കളിയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന പ്രസിദ്ധി മുതലെടുത്ത് ഇത് നടപ്പിലാക്കുമ്പോൾ അത് പ്രാദേശികമായ വികസനത്തിനും കാരണമാകും.  ഇത് അതാത് പ്രദേശങ്ങളുടെ വികസനത്തിനും കൂടുതൽ നിക്ഷേപങ്ങൾക്കും സാധ്യതയൊരുക്കും. തിരുവനന്തപുരം ജില്ലയിൽ നിരവധി ടൂറിസം സ്പോട്ടുകൾ ഉണ്ടെങ്കിലും, കൂടുതൽ പേർ എത്തുന്നത് തലസ്ഥാന നഗരിയിലാണ്. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ ഭാവിയിൽ ഇവിടം ഒരു ടൂറിസം ഹബ്ബ് ആയി മാറാൻ സാധ്യതയൊരുക്കും.

     ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതിലാണ്. ഇപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി നടത്തിയ ഓപ്പൺ ഡബിൾഡക്കർ ബസ് യാത്ര വിജയകരമായിത്തീർന്നിരിക്കുന്നു. ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ച് സുഗമമായ യാത്ര ഒരുക്കുന്നത് സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും വരുവാൻ പ്രേരിപ്പിക്കും. തുറന്ന ബസുകൾ, ബസുകൾക്കുള്ളിൽ ഓരോ സ്ഥലത്തെപ്പറ്റിയും ഉള്ള ലളിതമായ വിവരണങ്ങളും മാപ്പുകളും ഒരുക്കുന്നത് വളരെ പ്രയോജനകരമായിരിക്കും. തിരുവനന്തപുരം നഗരത്തിൻ്റെ പ്രകൃതി സൌന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യുന്നത് സഞ്ചാരികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതായി ഇവിടെയെത്തുന്ന ബഹുഭൂരിഭാഗം യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു.


    മറ്റൊന്ന് പൈതൃകടൂറിസത്തിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ്. ലോകമെമ്പാടുമുള്ള ടൂറിസം കേന്ദ്രങ്ങളിൽ അവിടുത്തെ തനതു സംസ്ക്കാരവും, കാഴ്ചകളും കെട്ടിടങ്ങളുമൊക്കെ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള 2 കി.മീ ചുറ്റളവിൽ നിരവധി പൈതൃക കേന്ദ്രങ്ങൾ നിലനിൽക്കുകയാണ്. ശ്രീവരാഹം കുളം കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളം ആണ്. ഇതിൻ്റെ മനോഹാരിത കൂടി സഞ്ചാരികൾക്ക് പ്രയോജനകരമായ തരത്തിൽ അവതരിപ്പിക്കേണ്ട ഒന്നാണ്.


    തീർത്ഥാടന യാത്ര സർക്യൂട്ടിൽ ഇന്ന് തിരുവനന്തപുരം പ്രമുഖ സ്ഥാനമാണ് അലങ്കരിക്കുന്നത്. ആഭ്യന്തര, വിദേശ യാത്രക്കാരുടെ ഒരു പ്രമുഖ ലക്ഷ്യസ്ഥാനമായി തിരുവനന്തപുരം മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ മന്ദഗതിയിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ, റോഡുകളുടെ ശോചനീയാവസ്ഥ, പാർക്കിംഗ് സൌകര്യമില്ലായ്മ എന്നിവ ഇവിടുത്തെ വികസനത്തിന് വലിയൊരു തടസ്സമായി നിലനിൽക്കുന്നു.


    തിരുവനന്തപുരം നഗരത്തിന് ഒരു പ്രത്യേക ഭംഗിയും, പൈതൃകവും ശാന്തതയും പൊതുവെ ഉണ്ട്. അത് നന്നായി തിരിച്ചറിയുന്നത് ഇവിടെയെത്തുന്ന സന്ദർശകരാണ്. ടൂറിസം തന്നെയാണ് മുന്നോട്ടുള്ള യാത്രയിൽ കേരളത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സ്. ഇവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും ലഭിക്കുന്ന സ്വീകരണവും, അനുഭവവുമാണ് എറ്റവും മികച്ച പരസ്യം. കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുമ്പോൾ അവരെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൌകര്യം ഒരുക്കാൻ ഭരണകൂടം നിർബന്ധിതമാകും. ഇപ്പോൾ നടക്കുന്ന പല വികസന പ്രവർത്തനങ്ങളും ചെറിയ കാരണങ്ങൾ കൊണ്ടും, മെല്ലെപ്പോക്ക് നയം കൊണ്ടും, ആസൂത്രണത്തിലെ പാളിച്ചകൾ കൊണ്ടും ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോകുന്നു. ഇതിനൊരു പരിഹാരമുണ്ടായാൽ മതി.


    ഓരോ സഞ്ചാരിയും, നാടിൻ്റെ മഹിമ വിളിച്ചോതുന്ന അമ്പാസിഡർമാരായി മാറുന്നവരാണ്. തലസ്ഥാനത്തിൻ്റെ ടൂറിസം വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികളും, മാസ്റ്റർപ്ലാനും സമയബന്ധിതമായി പൂർത്തിയാകട്ടെ എന്ന് ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍