കാര്യവട്ടത്ത് സഞ്ജു സാംസൺ കളിയ്കില്ല-
ഇന്ത്യൻ ക്രിക്കറ്റിൻ്റെ ശുഭപ്രതീക്ഷയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ സഞ്ജു സാംസൺ കാര്യവട്ടത്ത് കളിയ്ക്കില്ല. ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതാണ് ഇതിനു കാരണം.
സ്ഥിരതയില്ലായ്മ എന്നതാണ് സഞ്ജുവിനെ ഒഴിവാക്കുന്നതിൽ പ്രധാന കാരണമായി പറയുന്നത്. എന്നാൽ സഞ്ജുവിനെക്കാളും വളരെ മോശം ഫോമിലുള്ളവരെപ്പോലും ടീമിൽ ഉൾപ്പെടുത്തുന്നത് കാണുമ്പോൾ ഇത് മന:പൂർവ്വം ഒഴിവാക്കുന്നതല്ലേ എന്ന് ആക്ഷേപം ഉയരുന്നു. വളരെക്കാലമായി പല പ്രധാന ടൂർണമെൻ്റുകളിൽ നിന്നും ഇത്തരത്തിൽ സഞ്ജു ഒഴിവാക്കപ്പെടാറുണ്ട്.
മലയാളികളോടുള്ള ചിറ്റമ്മ നയം വളരെക്കാലം മുൻപ് തന്നെ നടക്കുന്ന ഒന്നു തന്നെയാണ്. കഴിവുള്ള പലരെയും കായികമേഖലയിൽ ഇത്തരത്തിൽ തഴയപ്പെട്ടിട്ടുണ്ട്. സമീപകാല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഒരു കളിക്കാരനോട് കാണിക്കുന്ന അവഗണന ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
ഈ വർഷം ജൂൺ, ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നടന്ന ഇന്ത്യൻ പര്യടനങ്ങളിൽ സഞ്ജു കളിച്ചിരുന്നു. അയർലൻ്റ്, ഇംഗ്ലണ്ട്, വെസ്റ്റിന്തീസ്, സിംബാബ് വേ എന്നീ രാജ്യങ്ങൾക്കെതിരെ മികച്ച പ്രകടനമാണ് സഞ്ജു സാംസൺ പുറത്തെടുത്തിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 16 മാച്ചുകൾ കളിക്കുകയും 296 റൺസ് നേടുകയും ചെയ്തു. ആവറേജ് 21.4 ഉം സ്ട്രൈക്ക് റേറ്റ് 135.15 ഉം ആയിരുന്നു. ഇതിൽ ഒരു ഹാഫ് സെഞ്ച്വറി കൂടി ഉൾപ്പെട്ടിരുന്നു.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൽ മലയാളികളുടെ സാന്നിദ്ധ്യം വിരലിലെണ്ണാവുന്നത്ര മാത്രമേയുള്ളൂ. അതിൽ എടുത്തു പറയാവുന്നത് ശ്രീശാന്തിൻ്റെ കാര്യമാണ്. ചുരുങ്ങിയ കാലഘട്ടം കൊണ്ടു തന്നെ പ്രശസ്തനായിത്തീർന്ന ശ്രീശാന്തിൻ്റെ കരിയർ എങ്ങിനെ അവസാനിച്ചു എന്നത് എല്ലാവരും കണ്ട കാഴ്ചയാണ്.
എന്നാൽ വളരെ സൌമ്യനും, അനാവശ്യ വിവാദങ്ങൾക്ക് ഇട നൽകാതെ തനിക്കു ലഭിച്ച പ്രശസ്തിയിൽ ലവലേശം തലക്കനമില്ലാതെയാണ് സഞ്ജു സാംസൻ്റെ കരിയർ മുന്നോട്ടു കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് ഇനി വരാനിരിക്കുന്ന ചെറുപ്പക്കാർക്ക് മാതൃകയാക്കേണ്ട ഒന്നാണ്. ഇപ്പോൾ 27 വയസ്സായ സഞ്ജുവിന് ഇനിയും കരിയർ ബാക്കിയുണ്ട്.
ക്രിക്കറ്റ് ഒരു വൻ വ്യവസായം
ക്രിക്കറ്റിൽ മാത്രമല്ല മറ്റു പല കായികമേഖലകളിലും മലയാളികൾക്ക് ഈ ദുരവസ്ഥ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത് ഇന്ത്യൻ കായികമേഖലയുടെ അപചയത്തിന് കാരണമാകുന്നു. കായിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരുടെ ദീർഘവീക്ഷണമില്ലായ്മയും പദ്ധതികളുടെ കൃത്യമായ വിനിയോഗം നടക്കാത്തതും, അർഹരായ പല ചെറുപ്പക്കാർക്ക് അവസരം നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു.
ക്രിക്കറ്റിൽ ഒരു ഭാവി മുന്നിൽ കണ്ടു കൊണ്ട് ജീവിതം ഇതിനായി സമർപ്പിച്ചിരിക്കുന്ന നിരവധി ചെറുപ്പക്കാർക്ക് സഞ്ജു സാംസണെപ്പോലെയുള്ളവർ ഒരു പ്രചോദനമായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന തരത്തിലുള്ള വിവേചനങ്ങൾ അവരെയും നിരാശപ്പെടുത്തുന്നു. മലയാളി എന്ന നിലയിൽ സഞ്ജുവിനോട് കാണിക്കുന്ന ഈ അനീതിയ്ക്ക് ശക്തമായ പ്രതിഷേധമാണ് നാട്ടിൽ നിന്നും ഉയരുന്നത്. എന്നാൽ അതെല്ലാം ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നതെന്നത് മറ്റൊരു സത്യം.
ഇനിയുള്ള കരിയറിൽ മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ് അർഹമായ സ്ഥാനം ലഭിക്കട്ടെയെന്നു മാത്രം പ്രർത്ഥിക്കുന്നു.
മറ്റു ലേഖനങ്ങൾ വായിക്കുക







.jpg)
0 അഭിപ്രായങ്ങള്‍